Shanthibhavan Palliative Hospital - The First Palliative Hospital in India

വരന്തരപ്പിള്ളിയില്‍ അഭയം - ശാന്തിഭവന്റെ അത്യാധുനിക റീജിയണല്‍ സെന്റര്‍

വരന്തരപ്പിള്ളിയില്‍ അഭയം - ശാന്തിഭവന്റെ അത്യാധുനിക റീജിയണല്‍ സെന്റര്‍ തുറന്നു

വരന്തരപ്പിളളി: അഭയം പാലിയേറ്റീവ് കെയറിന്റെയും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച ആദ്യ റീജിയണല്‍ കേന്ദ്രമായ വരന്തരപ്പിള്ളി സെന്റര്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. നവീകരിച്ച സെന്ററിന്റെ ഉദ്ഘാടനം തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. തോമസ് കാക്കശ്ശേരി നിര്‍വ്വഹിച്ചു. 
 
ഒരു വര്‍ഷം മുമ്പാണ് ആദ്യ റീജിയണല്‍ സെന്റര്‍ വരന്തരപ്പിളളിയില്‍ ആരംഭിച്ചതെന്നും ഇപ്പോള്‍ സെന്ററുകളുടെ എണ്ണം പന്ത്രണ്ടായി വര്‍ദ്ധിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ പതിനൊന്നും എറണാകുളം ജില്ലയില്‍ ഒരു റീജിയണല്‍ സെന്ററുമാണ് പ്രവര്‍ത്തിക്കുന്നത്. പല്ലിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിഭവന്‍ പാലിയേറ്റീവ്് ഹോസ്പിറ്റലിന്റെ ചെറു പതിപ്പുകളായാണ് റീജിയണല്‍ സെന്ററുകളുടെ പ്രവര്‍ത്തനം. പ്രളയബാധിത മേഖലകളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ ഉള്‍പ്പടെയുളള സേവനങ്ങള്‍ നടത്തുന്ന അഭയം - ശാന്തിഭവന്‍ മികച്ച മാതൃകയാണ് സമൂഹത്തിനു നല്‍കുന്നതെന്ന് മോണ്‍. തോമസ് കാക്കശ്ശേരി പറഞ്ഞു. മതാടിസ്ഥാനത്തിലോ വര്‍ഗ്ഗാടിസ്ഥാനത്തിലോ വേര്‍തിരിച്ച് കാണാതെ മനുഷ്യരെ മനുഷ്യരായി കണ്ടുകൊണ്ടുളള സേവന പ്രവര്‍ത്തനങ്ങള്‍ എല്ലാ ജില്ലകളിലേക്കും എത്തിക്കണമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
 
ചടങ്ങില്‍ ഫാ. ജോണ്‍സണ്‍ ഒലക്കേങ്കില്‍ അദ്ധ്യക്ഷനായിരുന്നു. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കോ ഫൗണ്ടറും സി ഇ ഒ കൂടിയായ ഫാ. ജോയ് കൂത്തൂര്‍ സംസാരിച്ചു. സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുമായി ചേര്‍ന്നാണ് അഭയം - ശാന്തിഭവന്‍ റീജിയണല്‍ സെന്ററുകളുടെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. വിന്‍സെന്റ് ഡി പോളിന്റെ ഓരോ കൗണ്‍സിലിനും മൂന്നു കിടപ്പുരോഗികളെ വീതം ദത്തെടുത്ത് റീജിയണല്‍ സെന്ററിന്റെ സൗജന്യ സേവനം ഉറപ്പു വരുത്താനാവും. അതുപോലെ ഓരോ കൗണ്‍സിലിനും അഞ്ച് രോഗികളെ ദത്തെടുത്ത് അവര്‍ക്ക് റീജിയണല്‍ സെന്ററുകളിലൂടെ സൗജന്യ നിരക്കില്‍ ഏതു മരുന്നുകളും ലഭ്യമാക്കാനുളള അവസരവും ഉണ്ടാകുമെന്നും ഫാ. ജോയ് കൂത്തൂര്‍ പറഞ്ഞു.
 
യോഗത്തില്‍ സിസ്റ്റര്‍ റൊസാല്‍ബ എഫ് എസ് എസി,  നോജി ചക്കാലക്കല്‍, ജോയ് പോള്‍, ഷിബു കാഞ്ഞിരത്തിങ്കല്‍, ജോസ് ജെ മഞ്ഞളി, ജോജു മഞ്ഞില തുടങ്ങിയവര്‍ സംസാരിച്ചു.
 
ഒരു വര്‍ഷം മുമ്പ് ആരംഭിച്ച വരന്തരപ്പിളളിയിലെ റീജിയണല്‍ സെന്റര്‍ നവീകരിച്ച പുതിയ കെട്ടിടത്തിലേക്കാണ് പ്രവര്‍ത്തനം മാറ്റിയത്. കിടപ്പുരോഗികള്‍ക്ക് സൗജന്യമായി സാന്ത്വന പരിചരണം, ഹോം കെയര്‍, എമര്‍ജന്‍സി കെയര്‍ എന്നിവയൊക്കെ ലഭ്യമാണ്. പൊതുജനങ്ങള്‍ക്കായി സൗജന്യ ഒപി, ഏറ്റവും കുറഞ്ഞ നിരക്കില്‍ ലബോറട്ടറി പരിശോധനകള്‍, മരുന്നുകള്‍ എന്നിവയും ലഭ്യമാണ്. കൂടാതെ ആധുനിക സംവിധാനങ്ങളോടെയുളള ഫിസിയോതെറാപ്പി യൂണിറ്റും ഈ സെന്ററില്‍ പ്രവര്‍ത്തിക്കുന്നു. മാസം തോറും നിശ്ചിത തുക സംഭാവനയായി നല്‍കുന്ന ഫെല്ലോഷിപ്പ് അംഗങ്ങളുടെ  സഹായത്തോടെയാണ് ആശുപത്രിയുടെയും റീജിയണല്‍ സെന്ററിന്റെയും പ്രവര്‍ത്തനം മുന്നോട്ടു പോകുന്നത്.


Ready to do something wonderful in life?

Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.

Fellowships Donations

Are you ready to volunteer?

Join our team today and let us bring a thousand smiles together